auto ad

Friday, August 21, 2020

സാമ്പാര്‍ എങ്ങനെ ഏറ്റവും രുചികരമായി ഉണ്ടാക്കാം | Sambar Recipe in Malayalam



മലയാളികള്‍ക്ക് സുപരിചിതമായ സാമ്പാര്‍ ആണ് ഇന്നത്തെ വിഭവം.നല്ല മണവും രുചിയുമുള്ള സാമ്പാര്‍ ആരാണ് ഇഷ്ടപ്പെടാത്തത്?നല്ലൊരു സാമ്പാര്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍


  • തുവരപ്പരിപ്പ് - 100g g
  • കായം - 15g [ചില ബ്രാന്‍ഡ്‌ കായം ഇത്രയും ചേര്‍ക്കേണ്ടി വരില്ല]
  • വാളന്‍പുളി -  15g

പച്ചക്കറികള്‍

  • ചേന - ചെറിയ കഷണം[70g]
  • ഉരുളക്കിഴങ്ങ് - ഒന്ന്[100g]
  • കായ - ചെറിയ കഷണം[100g]
  • ക്യാരറ്റ് -  ഒരു ചെറുത്‌[77g]
  • മുരിങ്ങക്ക - ഒന്ന് [54g]
  • വെണ്ടയ്ക്ക - 5[60g]
  • തക്കാളി - ഒന്ന്[100g]
  • ചുവന്നുള്ളി - 100g
  • പച്ചമുളക് - 1
  • മല്ലിയില - ഒരു പിടി

പൊടികള്‍



  • മുളക് പൊടി - 1 tbs[9g]
  • മല്ലിപ്പൊടി -  1 tbs[9g][വീട്ടില്‍ പൊടിച്ച മല്ലിപ്പൊടി ചേര്‍ക്കുന്നതാണ് നല്ലത്]
  • മഞ്ഞള്‍പ്പൊടി - 1tsp
  • ഉലുവപ്പൊടി - 1/2 tsp

 താളിക്കാന്‍



  •  കടുക് - 1tsp
  • ചുവന്നുള്ളി - 5-6
  • വറ്റല്‍മുളക് - മൂന്ന്
  • കറിവേപ്പില - ഒരു തണ്ട്

തയ്യാറാക്കുന്ന വിധം



  • പരിപ്പ് വൃത്തിയായി കഴുകി, കുക്കെറില്‍  ഇട്ട്കുറച്ചു മഞ്ഞള്‍പ്പൊടി,കായം,മൂന്ന് ചുവന്നുള്ളി,പച്ചമുളക് എന്നിവയും അര കപ്പ്‌ വെള്ളവും ചേര്‍ത്തു നന്നായി വേവിക്കുക
  • പുളി അര കപ്പു വെള്ളം ചേര്‍ത്ത് കുതിരാനായി വയ്ക്കുക
  • പച്ചക്കറികള്‍ കഴുകി ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കുക;
  • ഒരു വലിയ പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അരിഞ്ഞ കഷണങ്ങള്‍ [തക്കാളി,വെണ്ടയ്ക്ക ഇവ ഒഴികെ] ഇട്ട്മൂന്ന് മിനിറ്റ് വഴറ്റുക
  • ഇതിലേക്ക് കുറച്ചു മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് മൂപ്പിക്കുക,പൊടികള്‍ കരിഞ്ഞു പോകരുത്.
  • ഇനി വേവിച്ച പരിപ്പും മൂന്ന് കപ്പു ചൂടുവെള്ളവും ചേര്‍ത്ത് കഷണങ്ങള്‍ വെന്തു വരുന്ന വരെ മൂടി വച്ച് വേവിക്കുക
  • കഷണങ്ങള്‍ വെന്ത ശേഷം തക്കാളി,പുളി പിഴിഞ്ഞത് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് കൂടി മൂടി വച്ച് വേവിക്കുക.
  • ഇനി മല്ലിപ്പൊടി ചേര്‍ത്ത് യോജിപ്പിക്കുക
  • ഇതിലേക്ക് അരിഞ്ഞ മല്ലിയില ചേര്‍ക്കുക
  • ഒരു നുള്ള് പഞ്ചസാരയും ചേര്‍ക്കുക
  • സാമ്പാര്‍ ഇരിക്കും തോറും കുറുകി വരും;അത് കൊണ്ട് അതനുസരിച്ച് വെള്ളം ചേര്‍ക്കുക
  • താളിച്ചു ചേര്‍ക്കാനായി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക;കടുക് ചേര്‍ത്ത് പൊട്ടിക്കുക;ചുവന്നുള്ളി, കറിവേപ്പില, വറ്റല്‍ മുളക്,വെണ്ടയ്ക്ക ഇവ ചേര്‍ത്ത് മൂപ്പിച്ചു തീ ഓഫ് ചെയ്യുക;ഇതിലേക്ക് ഉലുവപ്പൊടി ചേര്‍ക്കുക; കറിയില്‍ കായം കുറവുണ്ടെങ്കില്‍ ഇതിലേക്ക് കുറച്ചു പൊടിക്കായം കൂടി ചേര്‍ക്കാം.
  • ഇത് സാമ്പാറില്‍ ചേര്‍ത്ത് യോജിപ്പിക്കുക
  • കുറച്ചു നേരം മൂടി വച്ച ശേഷം വിളമ്പാം.


Sunday, August 9, 2020

ലഡു ഏറ്റവും നന്നായി വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാം | Boondi Ladoo | Laddu Recipe in Malayalam

എല്ലാവരുടെയും പ്രിയപ്പെട്ട മധുരപലഹരമാണ് ലഡ്ഡു,കൊതിപ്പിക്കുന്ന നിറത്തിലും മണത്തിലും ബേക്കറിയില്‍ കിട്ടുന്ന ഈ മധുരം വീട്ടില്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്.

ആവശ്യമായ ചേരുവകള്‍

  • കടലമാവ് - 2 കപ്പ്[250g] ‌[അമര്‍ത്തി അളന്നെടുത്തത്]
  • പഞ്ചസാര - 1 1/2കപ്പ്[340g]‌
  • ഏലക്കാപ്പൊടി -1tsp
  • ഉപ്പ് - ഒരു നുള്ള്
  • ബേക്കിംഗ് സോഡാ - ഒരു നുള്ള്
  • മഞ്ഞള്‍പ്പൊടി-1/2tsp
  • നെയ്യ്- 2tsp
  • അണ്ടിപ്പരിപ്പ് -1tbs
  • ഉണക്കമുന്തിരി- 1tbs

ഉണ്ടാക്കുന്ന വിധം

ആദ്യം മാവ് തയ്യാറാക്കണം

  • ഒരു പാത്രത്തിലേക്ക് കടലമാവ്,ഉപ്പ്,ബേക്കിംഗ് സോഡാ,മഞ്ഞള്‍പ്പൊടി എന്നിവ അരിച്ചു ചേര്‍ക്കുക
  • ഇതിലേക്ക് വെള്ളം കുറേശെ ചേര്‍ത്ത് മാവ് തയ്യാറാക്കുക;തുടക്കത്തില്‍ത്തന്നെ അധികം വെള്ളം ചേര്‍ത്താല്‍ കട്ട കെട്ടും;മാവിന് പാകത്തിന് കട്ടിയുണ്ടാവണം;കൃത്യമായ കട്ടിയാണോ എന്നറിയാന്‍ ഒരു തുള്ളി മാവ് ചൂടായ എണ്ണയില്‍ ഇറ്റിച്ചു നോക്കുക;ബൂന്ദി നല്ല ഷേപ്പില്‍ ഉരുണ്ടു കിട്ടിയാല്‍ കട്ടി പാകമാണ്;        ബൂന്ദി പരന്നു പോയാല്‍ മാവില്‍ വെള്ളം കൂടുതലാണ്,അല്പം കൂടി കാലമാവു ചേര്‍ക്കുക;മറിച്ച് ബൂന്ദി നീണ്ടു ഒരു വാലു പോലെ വന്നാല്‍ മാവിന് കട്ടി കൂടുതല്‍ ആണ്,അല്പം കൂടി വെള്ളം ചേര്‍ക്കുക.

ഇനി ഇത് ഫ്രൈ ചെയ്തു എടുക്കാം

  • ഒരു കുഴിവുള്ള ഫ്രയിംഗ്പാനില്‍ ഏകദേശം അര ലിറ്റര്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക;എണ്ണ നല്ല ചൂടില്ലെങ്കില്‍ ബൂന്ദി എണ്ണ കുടിക്കും.
  • തുളയുള്ള തവിയിലൂടെ മാവ്ചൂടായ എണ്ണയില്‍ വീഴിക്കുക;തവി ചുറ്റിച്ചു കൊടുക്കണം,അല്ലെങ്കില്‍ മാവ് ഒരേ സ്ഥലത്തു വീണു കട്ട കെട്ടും.
  • എണ്ണയില്‍ നിന്നും വേഗം തന്നെ കോരി മാറ്റണം,ഏകദേശം പതിനഞ്ചു സെക്കന്റ്‌ മാത്രമേ ഇത് എണ്ണയില്‍ കിടക്കാന്‍ പാടുള്ളൂ,അല്ലെങ്കില്‍ ബൂന്ദി കരുകരുപ്പ് ഉള്ളതാകും.
  • അടുത്ത തവണ മാവ് ഒഴിക്കുന്നതിനു മുമ്പ് തവിക്ലീന്‍ ചെയ്യണം,അല്ലെങ്കില്‍ ബൂന്ദിക്ക് നല്ല ഷേപ്പ് കിട്ടില്ല.
  • ഇങ്ങനെ ബൂന്ദി തയ്യാറാക്കി വയ്ക്കുക.

ഇനി പഞ്ചസാരപ്പാനി ഉണ്ടാക്കാം.ലഡ്ഡു നന്നാവാന്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പഞ്ചസാരപ്പാനിയുടെ പാകം.


  • ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര എടുക്കുക
  • ഇതിലേക്ക് പഞ്ചസാരയുടെ പകുതി അളവില്‍ വെള്ളം ഒഴിക്കുക
  • ഇത് നന്നായി അലിഞ്ഞു തിളച്ചു വരുന്ന വരെ ഇളക്കി കൊടുക്കുക
  • പഞ്ചസാരപ്പാനിയുടെ പാകം നോക്കാനായി ഒരു പാത്രത്തില്‍ കുറച്ചു വെള്ളം എടുത്തുവച്ചിരിക്കണം.ഇടയ്ക്കിടയ്ക്ക് വെള്ളത്തില്‍ ഇറ്റിച്ചു നോക്കിക്കൊണ്ടിരിക്കണം.[please refer the video]
  • ഒരുനൂല്‍പ്പരുവം,രണ്ടുനൂല്‍പ്പരുവം എന്നീ പാകം കഴിഞ്ഞ്,'gathering stage' ആകുന്ന സമയത്താണ് ഇതിലേക്ക് ബൂന്ദി ചേര്‍ക്കേണ്ടത്;ഈ പാകം എത്തുമ്പോള്‍ വെള്ളത്തിലേക്ക്‌ ഇറ്റിച്ചു കൊടുത്ത സിറപ്പ് അലിഞ്ഞു പോകാതെ വെള്ളത്തിന്‍റെ അടിയില്‍ ഉറയുന്നതായി കാണാം.വിരല്‍ കൊണ്ട് ഇത് കൂട്ടി വയ്ക്കാന്‍ പറ്റും,പക്ഷെ ഉരുട്ടി എടുക്കാന്‍ പറ്റില്ല;ശ്രദ്ധിക്കുക,ഇതില്‍ കൂടുതല്‍ നേരം ചൂടാക്കിയാല്‍ ലഡ്ഡു ഉരുട്ടിയെടുക്കാന്‍ പറ്റാത്ത പോലെയാകും.
  • ഈ പാകമാകുമ്പോള്‍ ഫ്രൈ ചെയ്ത ബൂന്ദി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.തീ ഓഫ് ചെയ്യുക;ഏലക്കാപ്പൊടി,നെയ്യ്,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി ഇവ ചേര്‍ത്ത് യോജിപ്പിക്കുക
  • അല്പം ചൂടാറിയാല്‍ ലഡ്ഡു ആയി ഉരുട്ടിയെടുക്കുക.കൂടുതല്‍ തണുത്താല്‍ ഉരുട്ടിയെടുക്കാന്‍ പറ്റാതാവും.
  • മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞാല്‍ ലഡ്ഡു സ്വാദോടെ കഴിക്കാം;പിറ്റേന്നു എടുത്താല്‍ ഇത് കൂടുതല്‍ സ്വാദുള്ളതായി തീരും.

Saturday, August 8, 2020

ഇഡ്ഡലി ഏറ്റവും സോഫ്റ്റ്‌ ആവാന്‍ ഇങ്ങനെ ഉണ്ടാക്കൂ100% ഗ്യാരണ്ടി | Idli Recipe in Malayalam



വളരെ ആരോഗ്യപ്രദമായ ഒരു പ്രാതല്‍ ആണ് ഇഡലി.ഇഡലി സോഫ്റ്റ്‌ ആകാന്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  • ഇഡലി മയമുള്ളതാകാന്‍ അരിയും ഉഴുന്നും ശരിയായ അനുപാതത്തില്‍ ആവണം.
  • വെള്ളത്തിന്‍റെ അളവ് കൃത്യമാകണം
ആവശ്യമുള്ള ചേരുവകള്‍

  • ഇഡലി അരി - ഒന്നര കപ്പ്‌
  • ഉഴുന്ന് - അര കപ്പ്‌
  • ഉലുവ - മുക്കാല്‍ ടീസ്പൂന്‍
ഉണ്ടാക്കുന്ന വിധം

  • അരി മൂന്ന് നാല് തവണ കഴുകി നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു എടുക്കുക
  • ഉഴുന്ന് ഒരു തവണ കഴുകി രണ്ടു മണിക്കൂര്‍ കുതിര്‍ത്ത് എടുക്കുക;അതിനു ശേഷം അത് ഫ്രിഡ്ജില്‍ വക്കുക;വെള്ളവും ഉഴുന്നും തണുത്തു കിട്ടാനാണ്‌ ഇങ്ങനെ ചെയ്യുന്നത്.
  • ഉലുവയും കുതിര്‍ത്തു എടുക്കുക;ഉലുവ ചേര്‍ക്കുമ്പോള്‍ ഇഡലിയുടെ രുചി കൂടുമെന്ന് മാത്രമല്ല,fermentation ശരിയായി നടക്കാന്‍ സഹായിക്കുകയും ചെയ്യും.
  • നന്നായി കുതിര്‍ത്ത ശേഷം തണുപ്പിച്ച ഉഴുന്ന് ആവശ്യത്തിനു ഉപ്പും രണ്ടു ഐസ്ക്യൂബ്സും ചേര്‍ത്ത്, ഉഴുന്ന് കുതിര്‍ന്ന വെള്ളവും ചേര്‍ത്തു നന്നായി അരച്ച് എടുക്കുക; കാല്‍ കപ്പ്‌ വെള്ളം മതിയാകും.ഉഴുന്ന് നന്നായി അരഞ്ഞാല്‍ മാത്രമേ ഇഡലി മയമുള്ളതാകൂ.നന്നായി അരഞ്ഞു പതഞ്ഞു വരുന്നത് വരെ സമയം എടുത്തു അരക്കുക; ഇത് അരക്കുന്നതു മിക്സിയുടെ ജാറില്‍ ആണെങ്കില്‍ ഉഴുന്ന് ചൂടാകാതിരിക്കാനാണ് തണുപ്പിച്ച് എടുക്കുന്നതും ഐസ് ക്യൂബ്സ് ചേര്‍ക്കുന്നതും. ഉഴുന്ന് അരക്കുമ്പോള്‍ ചൂടായാല്‍ ഇഡലി മയം ഇല്ലാത്തത് ആകും.
  • അരച്ച് എടുത്ത ഉഴുന്ന് ഒരു വലിയ സ്റ്റീല്‍ പാത്രത്തിലേക്ക് മാറ്റുക
  • അരിയും ഉലുവയും ആവശ്യത്തിനു വെള്ളവും[ഉഴുന്ന് കുതിര്‍ത്തു എടുത്ത വെള്ളം] ഐസ് ക്യൂബ്സും ചേര്‍ത്തു അരക്കുക;ഏകദേശം മുക്കാല്‍ കപ്പ്‌ വെള്ളമാണ് ചേര്‍ത്തത്.അല്പം തരുതരുപ്പു ഉണ്ടെങ്കിലും ഇഡലിയുടെ മാര്‍ദവം കുറയില്ല.
  • ഇത് അരച്ച ഉഴുന്നിനൊപ്പം ചേര്‍ത്ത് കൈ കൊണ്ട്നന്നായി യോജിപ്പിക്കുക;എത്ര നന്നായി ഇളക്കുന്നോ അത്രയും നല്ലത്.
  • ഇനി ഇത് പുളിച്ചു വരാനായി മൂടി വയ്ക്കുക;ചെറുചൂടുള്ള അന്തരീക്ഷത്തില്‍ ആണ് fermentation നന്നായി നടക്കൂ; പത്തു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് മാവ് തയ്യാറായി കിട്ടും.
  • അപ്പചെമ്പില്‍ വെള്ളം തിളപ്പിക്കുക; ഇഡലി തട്ടില്‍ എണ്ണ തടവി മാവ് ഒഴിച്ച് പത്തു മിനിറ്റ് വേവിക്കാം.
  • ഇത് അപ്പചെമ്പില്‍ നിന്നും മാറ്റി ഒന്ന് ചൂടാറിയ ശേഷം തട്ടില്‍ നിന്നും മാറ്റാം.
  • തേങ്ങാചമ്മന്തി,സാമ്പാര്‍ ഇതിനൊപ്പം വിളമ്പാം

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...